ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്റ്റിന്. സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്ക് 
എന്ത് പ്രസക്തിയെന്നാണ് ജനയുഗത്തിലെ ലേഖനത്തിലെ ചോദ്യം. ചരിത്രം ഉള്‍ക്കൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകുട്ടയെന്നും ജനയുഗം വിമര്‍ശിക്കുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വി.പി ഉണ്ണിക്കൃഷ്ണന്‍ എഴുതിയ ഏതോ ഒരു പിളളയല്ല പിഎസ് നടരാജപിളള എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന ലേഖനത്തില്‍ സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നു. 

വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ ദേവിക എഴുതിയ സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ എന്ന ലേഖനത്തില്‍ മുഖ്യമന്ത്രിയെ ആണ് ലക്ഷ്യം വെച്ചിരിക്കുന്നത്. സി പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ഈ ചരിത്രപാഠം അറിയേണ്ടതാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ന്യായാധിപരുമില്ലാത്ത ട്രസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏതെന്ന് പൊതുസമൂഹത്തിന് അറിയാന്‍ അര്‍ഹതയുണ്ടെന്നും ലേഖനം പറയുന്നു.

'ഏതോ ഒരു പിള്ളയുടെ' ഭൂമി സര്‍ സിപിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും അതില്‍ പങ്കില്ലെന്നുമാണ് പണറായി പറഞ്ഞതെന്ന് വ്യക്തമാക്കിയാണ് ദേവികയുടെ കോളം തുടങ്ങുന്നത്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ് ഈ 'ഏതോ ഒരു പിള്ള' യെന്നോര്‍ക്കുക, ഇപ്പോള്‍ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കര്‍ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സര്‍ സി പി രാമസ്വാമി അയ്യര്‍ പിടിച്ചെടുത്തത് അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്റെ പേരിലല്ല.സി.പിയുടെ ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കല്‍. 

സി പിയുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ ദിവാന്‍ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങള്‍ തീര്‍ത്ത് രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്രവയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ? എന്‌നും ലേഖനം ചോദിക്കുന്നു. ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്നും വിശേഷിപ്പിക്കുന്നതില്‍ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ട്. ആ ദുഃഖത്തിന് നീതിനിരാസത്തില്‍ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്.

നിയമകലാലയം സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്താന്‍ നല്‍കിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകില്‍ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയില്‍ തറവാടുഭവനങ്ങള്‍ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാര്‍വത്യാര്‍ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസര്‍വകലാശാല, കൈരളി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് തിരുമല്‍ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാന്‍ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോയെന്നും ലേഖനം ചോദിക്കുന്നു.

ഞാനും ഞാനും എന്റെ നാല്‍പതുപേരും' എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്ന് ഓര്‍മിപ്പിച്ചാണ് ദേവികയുടെ കോളം അവസാനിക്കുന്നത്.