ഇടുക്കി: ജില്ലയുടെ വൈദ്യുതിമന്ത്രി എം.എം.മണിയും, ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും കൈയ്യേറ്റക്കാരെ സംരക്ഷിക്കുക വഴി കൈയ്യേറ്റക്കാരാണെന്നും സിപിഐയുടെ വോട്ടുകള്‍ വാങ്ങി വിജയിച്ച ഇരുവരും മുന്നണിയുടെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐ സംസ്ഥാന കമ്മറ്റിയംഗം മാത്യുവര്‍ഗ്ഗീസ്. 

ഹാര്‍ത്താലിനോട് അനുബന്ധിച്ച് സിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സര്‍ക്കാര്‍ ഭൂമികള്‍ വ്യാപകമായി കൈയ്യേറുന്ന ഭൂമാഫിയക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ കൈയ്യേറ്റക്കാരാണ്. കര്‍ഷകരുടെ ഭൂമിയടക്കം കൈയ്യടക്കിവെച്ചിരിക്കുന്ന ഇവര്‍ ജനങ്ങള്‍ക്ക് ബുന്ധിമുട്ട് സ്യഷ്ടിക്കുന്നു. 

സി.പി.ഐയുടെ വോട്ട് വാങ്ങി വിജയിച്ചിട്ട് മുന്നണിയുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന ഇവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകണം. വേതനം ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തെ തെറ്റായി വ്യാഖ്യാനിച്ച മന്ത്രി തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. വന്‍കിടക്കാര്‍ കൈയ്യടക്കിവെച്ചിരിക്കുന്ന വട്ടവടയിലെ ഭൂമികള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകരെ മുന്‍നിര്‍ത്തി അവ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.

ഭൂമികള്‍ സംരക്ഷിക്കാന്‍ റവന്യുമന്ത്രിയും ഉദ്യോഗസ്ഥരും നടത്തുന്ന നീക്കങ്ങള്‍ മന്ത്രിയുടെ നേത്യത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഇല്ലാതാക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ സി.പി.ഐയുടെ നേത്യത്വത്തില്‍ ചെറുക്കുമെന്നും ഇവരുടെ കള്ളത്തരങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തുറന്ന വാക്‌പോര് ആരംഭിച്ചിരിക്കുകയാണ്. പി.മുത്തുപ്പാണ്ടി, പി.പളനിവേല്‍, പി.കാമരാജ് തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.