ഇടുക്കി: ഭൂപ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ സിപിഎം 21 ന് ഹര്‍ത്താല്‍ നടത്തുകയാണ്. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജിന്‍റെയടക്കം കയ്യേറിയ ഭൂമികള്‍ സിപിഐയുടെ നേതൃത്വത്തിലുള്ള റവന്യു വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന്‍റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാണ് സിപിഎംമ്മിന്‍റെ ഹര്‍ത്താല്‍. എന്നാല്‍ സിപിഎംമ്മിന്‍റെ നേതൃത്വത്തിലുള്ള ഹര്‍ത്താലില്‍ പ്രമുഖ രാഷ്രട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കില്ല.
വട്ടവട, കൊട്ടാക്കമ്പൂര്‍, ഇക്കാനഗര്‍, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സിപിഎമ്മിന്‍റെ നേതാക്കളടക്കം കൈവശപ്പെടുത്തിയിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദേവികുളം സബ് കളക്ടര്‍ പ്രേംകുമാറിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നോട്ടീസുകള്‍ വിതരണം ചെയ്തിരുന്നു. ആയിരക്കണക്കിന് സര്‍ക്കാര്‍ ഭൂമികള്‍ വ്യാജരേഖകളുണ്ടാക്കി കയ്യടക്കിയ നേതാക്കള്‍ റവന്യുവകുപ്പിന്‍റെ വലയിലകപ്പെടുമെന്നുള്ള ഭയമാണ് ഇത്തരമൊരു ജനകീയ സമരത്തിന് നേതൃത്വം നല്‍കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. മൂന്നാറിലെ ചില വ്യാപാരികളെ കയ്യിലെടുത്ത് ഇടതുമുന്നണി നടത്തുന്ന സമരം ആദ്യഘട്ടംതന്നെ തികഞ്ഞ പരാജയമാണെന്ന് നേതൃത്വത്തിന് മനസ്സിലായിക്കഴിഞ്ഞു.
കോണ്‍ഗ്രസും-സിപിഐയും സമരത്തിന് അനുകൂലമാകുമെന്ന് കരുതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സിപിഎം വെട്ടിലായി. ഇരുവരും ഹര്‍ത്താലിനെ അനുകൂലിക്കാതെ വന്നതോടെ മൂന്നാറിലെ ചില വ്യാപാരികളെയും ഹോട്ടല്‍, കോട്ടേജുടമകളെയും കയ്യിലാക്കി മൂന്നാര്‍ സംരക്ഷണസമിതിയ്ക്ക് രൂപം നല്‍കി ഹര്‍ത്താല്‍ വിജയിപ്പിക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികള്‍ കയ്യേറിയതിന്‍റെ പേരില്‍ നടപടികള്‍ നേരിടുന്ന കോട്ടേജ് ഹോട്ടലുടമകള്‍ തന്നെയാണ് സമിതിയുടെ ഉന്നതസ്ഥാനത്തുള്ളത് .
സര്‍ക്കാര്‍ സ്‌കൂളിന്‍റെ ഭൂമി കയ്യടക്കിയതിന്‍റെ പേരിലും കക്കൂസ് മാലിന്യങ്ങള്‍ മുതിരപ്പുഴയാറില്‍ നിക്ഷേപിച്ചതിന്‍റെ പേരിലും നിയമനടപടികള്‍ നേരിടുന്ന പഴയ മൂന്നാറിലെ ഒരു ഹോട്ടലുടമവരെ സമിതിയിലെ അംഗമാണ്. പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇത്തരം കാപട്യക്കാരെ അണിനിരത്തി രൂപപ്പെടുത്തിയ സംരക്ഷണസമിതിയുടെ നീക്കങ്ങള്‍ എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം.
