കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരായ സംസ്ഥാന സമിതിയുടെ നടപടി കണ്ണൂരിലെ ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത് എന്നു വ്യക്തമാക്കിയ കല്‍ക്കട്ട പ്ലീനം നിലപാട് ജയരാജന്‍ ലംഘിച്ചുവെന്നു ബ്രാഞ്ചുകളില്‍ വായിച്ച അഞ്ച് പേജുള്ള സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഇന്നലെ മുതലാണ് നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

ദൈവ ദൂതനായി വാഴ്ത്തിയുള്ള ജീവിത രേഖ, ജയരാജനെ മഹത്വവത്കരിച്ച് പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ സംഗീത ശില്‍പം, ഭാവി ആഭ്യന്തര മന്ത്രിയായി കാണിച്ച് കണ്ണൂരില്‍ ഉയര്‍ന്ന ഫ്ലെക്‌സുകള്‍ എന്നിങ്ങനെ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട പ്രചാരണങ്ങള്‍ അറിഞ്ഞിട്ടും തടയാതിരുന്ന ജില്ലാ സെക്രട്ടറിക്ക് എതിരായ കുറ്റപത്രമാണ് ചുരുക്കത്തില്‍ സംസ്ഥാന സമിതി നടപടിയുടെ റിപ്പോര്‍ട്ടിങ്. വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്ന, ജയരാജനെതിരായ നടപടിയുടെ റിപ്പോര്‍ട്ടിങ് ആണ് ഇപ്പൊല്‍ വിളിച്ചു ചേര്‍ക്കുന്ന ബ്രാഞ്ച് യോഗങ്ങളുടെ പ്രധാന അജണ്ട. ജില്ലാ സമ്മേളന ഒരുക്കമാണ് മറ്റൊന്ന്. അഞ്ച് പേജുള്ള സര്‍ക്കുലര്‍ നിശ്ചയിക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗം നേരിട്ടെത്തിയാണ് ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പി ജയരാജന്‍ നേരിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയതെന്ന് സംസ്ഥാന സമിതി കരുതുന്നില്ല. പക്ഷേ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ച പ്രചാരണങ്ങള്‍ നടന്നിട്ടും തടയാന്‍ ജരാജന്‍ ശ്രമിച്ചില്ലെന്ന് സര്‍ക്കുലര്‍ പറയുന്നു.
പാര്‍ട്ടി എന്നതിലുപരി വ്യക്തികളില്‍ ആകൃഷ്‌ടരായി പാര്‍ട്ടിയിലേക്ക് ആള്‍ക്കൂട്ടം എത്തുന്ന പ്രവണതയെയും സൂചിപ്പിക്കുന്നുണ്ട്. ജയരാജന് മേല്‍ ചുമത്തിയ യു.എ.പി.എക്കെതിരായ പാര്‍ട്ടി പ്രചാരണത്തില്‍ വിതരണം ചെയ്ത രേഖയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ജയരാജനെ ദൈവദൂതനായി വാഴ്ത്തിയ ഈ ജീവിതരേഖയാണ് നവംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്. സ്വയം വാഴ്ത്തിയുള്ള പ്രചാരണങ്ങള്‍ സംസ്ഥാന നേതൃ പദവിയിലേക്ക് ഉയരാനുള്ള ശ്രമമായി വിലയിരുത്തുന്നതോടൊപ്പം, കല്‍ക്കട്ട പ്ലീനം നിലപാടിന്റെ ലംഘനമായും ചൂണ്ടിക്കാട്ടുന്നു. അതേസമയം പാര്‍ട്ടിക്ക് വേണ്ടി ജയരാജന്‍ സഹിച്ച ത്യാഗങ്ങളും സര്‍ക്കുലറിന്റെ അവസാന ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ അംഗീകരിച്ച പി ജയരാജന്‍ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ടെന്നായിരുന്നു മുന്‍പ് പ്രതികരിച്ചത്. ജില്ലാ സമ്മേളനം നടക്കാനിരിക്കെ, വരും നാളുകള്‍ ജയരാജന്ഏറെ നിര്‍ണായകമാണ്. നടപടി പുരോഗമിക്കവെ, ജയരാജന് വേണ്ടി പ്രതിരോധ നിരയില്‍ നില്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ അധികം പേരില്ലെന്നതാണ് സ്ഥിതി.