തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ പൊതുജനമധ്യത്തില്‍ അപമര്യാദയായി സംസാരിച്ച മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ സിപിഎം ശാസിച്ചു. 

രാജേന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിച്ച കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വിഷയത്തില്‍ രാജേന്ദ്രനെ ശകാരിച്ചതെന്നും ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്തരുതെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. 

എംഎല്‍എമാര്‍ നിയമം പാലിക്കുകയാണ് വേണ്ടത്. കൂടെയുള്ളവരേയും നിയമം പാലിക്കാന്‍ പ്രേരിപ്പിക്കണം. അതിനു പകരം നിയമത്തെ എതിര്‍ക്കുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല. അതിനെ പാര്‍ട്ടി അംഗീകരിക്കില്ല. അതിനാല്‍ രാജേന്ദ്രന്‍റെ നിലപാടുകളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായും കോടിയേരി വ്യക്തമാക്കി.