കോഴിക്കോട്: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സിപിഎം നേതാവായ പന്നിമുക്ക് മാണിക്കോത്ത്  അതുല്‍ദാസിനെയാണ് കല്ലെറിഞ്ഞതിന് പൊലീസ് പിടികൂടിയത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറയുന്നു. പൊലീസ് അറസ്റ്റ് ചെയ്ത അതുല്‍ദാസിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ജനുവരി മൂന്നിലെ ഹര്‍ത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. അന്നേദിവസം വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാന്പ്രയില്‍ ടൗണില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തി. പിന്നീട് പേരാന്പ്ര-വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്. 

ദൃക്സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ്.