കൊല്‍ക്കത്ത: തീരുമാനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചില്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്നും സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോകനത്തില്‍ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ച് പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തോടും കേന്ദ്രകമ്മിറ്റി തീരുമാനത്തോടും ഒത്തു പോകുന്നതല്ലെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തിയിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ പിബി തീരുമാനം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിക്കുന്ന അവലോകനമാണ് സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയത്. ബൂര്‍ഷ്വാ പാര്‍ട്ടികളുടെ വാലാകരുത് എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ അടവു നയരേഖ പറയുന്നത്. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസിനെ സിപിഎമ്മിന്റെ വാലാക്കി മാറ്റാന്‍ കഴിഞ്ഞു എന്ന് സംസ്ഥാന സമിതി അവകാശപ്പെട്ടു.

ഇടതു ജനാധിപത്യ മുന്നണി രൂപീകരിക്കണം എന്നാണ് സിപിഎം നിര്‍ദ്ദേശം. ഇതിന് ജനപിന്തുണയും പങ്കാളിത്തവും അനിവാര്യമാണ്. ജനമുന്നേറ്റത്തിനൊപ്പം നില്‍ക്കുക മാത്രമാണ് ഇത്തവണ പാര്‍ട്ടി ചെയ്തതെന്നും ബംഗാള്‍ ഘടകം വാദിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചു എന്ന വാദം പശ്ചിമ ബംഗാള്‍ ഘടകം തള്ളിക്കളയുന്നുവെങ്കിലും കോണ്‍ഗ്രസ് സഖ്യം കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശവുമായി ഒത്തുപോകുന്നില്ല എന്ന വിലയിരുത്തല്‍ അവര്‍ അംഗീകരിച്ചു.

വെള്ളിയാഴ്ച തുടങ്ങുന്ന പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ ബംഗാള്‍ ഘടകം ഈ നിലപാട് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ തന്നെ കോണ്‍ഗ്രസ് സഖ്യം ഒരു വിഭാഗം ആയുധമാക്കുമ്പോള്‍ ബംഗാള്‍ സംസ്ഥാനസമിതിയുടെ ഈ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കും.