ഇടുക്കി: ഇടുക്കിയിലെ മുരിക്കടിയില്‍ നാലംഗ കുടുംബത്തെ കുടിയിറക്കിയ വീട്ടില്‍ പാര്‍ട്ടി ഓഫീസ് വേണ്ടെന്ന് സിപിഎം തീരുമാനം. തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ഓഫീസ് വേണ്ടെന്ന ജില്ലാ നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയാണ് വര്‍ഷങ്ങളായി താമസിച്ചുവന്ന വീട്ടില്‍ നിന്നും നാലംഗ കുടുംബത്തെ സിപിഎം പ്രവര്‍ത്തകര്‍ ഇറക്കി വിട്ട് ഓഫീസ് തുടങ്ങിയത്. 

സംഭവം വിവാദം ആയതോടെയാണ് സിപിഎം ജില്ലാ നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടത്. രാത്രിയോടെ വീടിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ്‌ മാറ്റി. കുടിയിറക്കിയ മാരിയപ്പന്‍റെ ബന്ധുവായ മുഹമ്മദ്‌ സല്‍മാനെ ഇവിടെ താമസിപ്പിക്കാന്‍ ആണ് സിപിഎം ശ്രമം. ഭൂമിസംബന്ധമായ രേഖകള്‍ ഇയാളുടെ പേരിലാണ് എന്ന ന്യായമാണ് സിപിഎം ഇതിനു കണ്ടെത്തിയിരിക്കുന്നത്.

സിപിഎം നടപടി മൂലം പെരുവഴിയിലായ മാരിയപ്പനും കുടുംബവും ഇപ്പോള്‍ ആശുപത്രിയിലാണ്. വീട് മാരിയപ്പന് തന്നെ കിട്ടണം എന്ന നിലപാടില്‍ ആണ് സിപിഐ. ഇതിനിടെ കുടുംബത്തെ ഇറക്കിവിട്ടതിന് സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.