കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്നുമുതല്‍ കൊയിലാണ്ടിയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പിണറായി വിജയന്‍ മൂന്ന് ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കും. വിഭാഗീയത അടഞ്ഞ അധ്യായമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. അതേസമയം പ്രാദേശിക തലത്തിലുളള വിഭാഗീയതയ്ക്ക് വലിയ ഗൗരവം നല്‍കേണ്ട എന്നാണ് പാര്‍ട്ടി നിലപാട്.

കൊടുവളളിയിലെ കോടിയേരിയുടെ കാര്‍ യാത്ര, മുക്കത്തെ ഗെയില്‍ സമരം തുടങ്ങി പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. പയ്യോളി മനോജ് വധക്കേസില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ തുറന്നുപറച്ചില്‍, പാര്‍ട്ടി ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ടതു സംബന്ധിച്ചുയര്‍ന്ന വിവാദം എന്നിവയെല്ലാം ജില്ലാ നേതൃത്വത്തിനു നേരെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. 

എങ്കിലും സെക്രട്ടറി സ്ഥാനത്ത് പി.മോഹനന്‍ തുടരാനാണ് സാധ്യത. ടിപി വധവും ആര്‍എംപി ഉയര്‍ത്തിയ വെല്ലുവിളികളും പാര്‍ട്ടിക് ഒരുപരിധി വരെ മറികടക്കാനായെന്നാണ് ആത്മവിശ്വാസം. ജില്ലാ നേതൃത്വത്തിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ബ്രാഞ്ച്-ലോക്കല്‍-ഏരിയാ സമ്മേളനങ്ങള്‍ നടന്നത്. 400 പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കും.