ദില്ലി: ബിജെപിയെന്ന ഒറ്റ ശത്രുവില്‍ ഊന്നിയുള്ള നയത്തിന് പാര്‍ട്ടി രൂപം നല്‍കണമെന്ന നിര്‍ദ്ദേശം ഇന്ന് തുടങ്ങുന്ന സിപിഎം പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വയ്‌ക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടു രാഷ്‌ട്രീയ പ്രമേയത്തിന്റെ രൂപരേഖയെക്കുറിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യം ശക്തിപ്പെടുത്തണമെന്നും ഇടതു ജനാധിപത്യ മുന്നണി മതിയെന്നും നിര്‍ദ്ദേശിച്ചിരുന്നു.

കോണ്‍ഗ്രസുമായോ പ്രാദേശിക ബൂ‍ര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 2004നു സമാനമായി ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള നിലപാട് വേണമെന്നാണ് സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്. നാളെ വീണ്ടും കരടു രാഷ്‌ട്രീയ പ്രമേയത്തിന്റെ രൂപരേഖയില്‍ ചര്‍ച്ച് നടക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റ ശത്രുവായി കണ്ട് നേരിടാനുള്ള ഇടം നയത്തിലുണ്ടാവണം എന്ന വാദമാകും യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുക.

കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന് ഉള്‍പ്പെടുത്താതെ അത് കര്‍ശനമായി തടയുന്ന നിലപാട് നയത്തില്‍ നിന്ന് ഒഴിവാക്കണമെന്നാകും ബംഗാള്‍ പക്ഷം തല്‌ക്കാലം വാദിക്കുക. എന്നാല്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയത്തില്‍ നിന്ന് മാറേണ്ട ആവശ്യം ഇല്ലെന്ന് പിബിയിലെ പ്രബല വിഭാഗം വാദിക്കും. ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കണം എന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെ മുന്നില്‍ എത്തിയിട്ടില്ല. പിബി നടക്കുന്ന സമയത്ത് മറ്റൊരു യോഗത്തിനായി ഇപി ജയരാജനും ദില്ലിയില്‍ എത്തുന്നുണ്ട്.