സംസ്ഥാനത്ത് പരാതി കിട്ടിയപ്പോൾ അന്വേഷണ കമ്മീഷൻ രൂപീകരിച്ചെന്നും നടപടി വൈകാതെ ഉണ്ടാവുമെന്നും പിബി അംഗം എസ് രാമചന്ദ്രൻപിള്ള

ദില്ലി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡന പരാതി സിപിഎം സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും പൂഴ്ത്തി വച്ചിട്ടില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി രംഗത്ത്. സംസ്ഥാനത്ത് പരാതി കിട്ടിയപ്പോൾ അന്വേഷണ കമ്മീഷൻ രൂപീകരിച്ചെന്നും നടപടി വൈകാതെ ഉണ്ടാവുമെന്നും പിബി അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

പി.കെ. ശശിക്കെതിരായ പരാതി ലഭിച്ചെന്നും സംസ്ഥാന ഘടകത്തിനു കൈമാറിയ ശേഷം അന്വേഷണം തുടങ്ങിയെന്നുമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. കേന്ദ്രം ഇടപെട്ടല്ല അന്വേഷണമെന്ന് പിന്നീട് പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.

പിബി ചേർന്ന മൂന്നാം തീയതിക്ക് മുമ്പു തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു എന്ന് പിബി അംഗം എസ് രാമചന്ദ്രൻപിള്ള ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പിബി ചേർന്ന ശേഷം സംസ്ഥാന ഘടകവുമായി സംസാരിച്ചു. അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.

എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരെ ഇതിനു ചുമതലപ്പെടുത്തിയിരുന്നു എന്നാണ് അവർ അറിയിച്ചത്. വൃന്ദ കാരാട്ടിന് രണ്ടാഴ്ച മുമ്പ് കത്ത് കിട്ടിയിരുന്നു എന്ന വാർത്ത ശരിയല്ല. അടുത്തിടെയാണ് കത്തു കിട്ടിയത്. തർജിമ ചെയ്ത ശേഷം കേരളത്തിന്‍റെ ചുമതലയുള്ള എസ്ആർപി ദില്ലിയിൽ തിരിച്ചെത്തിയ മുന്നാം തീയതി ചർച്ചയ്ക്കായി നല്കി.

അന്നു തന്നെ സീതാറാം യെച്ചൂരിക്കും പരാതി കിട്ടി. അതിനാൽ രണ്ടും ഒന്നിച്ചു ചർച്ചയാക്കിയെന്നാണ് വിശദീകരണം. ആരെയും സംരക്ഷിക്കില്ലെന്നും നടപടി വൈകാതെ ഉണ്ടാവുമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ പരാതി പൊലീസിന് കൈമാറില്ല.

പെൺകുട്ടിക്ക് പൊലീസിനെ സമീപിക്കാം. പരാതി കൈമാറി പെൺകുട്ടിയുടെ പേരുവിവരം പാർട്ടി പൊതു സമൂഹത്തെ അറിയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം പറയുന്നു. എന്നാൽ, പരാതി നേരത്തെ കിട്ടി അന്വേഷണം തുടങ്ങിയെന്ന് ജനറൽ സെക്രട്ടറി എന്ത് കൊണ്ട് വിശദീകരിച്ചില്ല എന്ന ചോദ്യത്തിന് പാർട്ടിക്ക് മറുപടിയില്ല.