മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ദര്‍ശന വിഷയത്തില്‍ കൂടുതല്‍ വിവാദം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമനുസരിച്ച് പ്രവര്‍ത്തിച്ചത് ചിലര്‍ വിവാദമാക്കിയെന്ന കടകംപള്ളിയുടെ വിശദീകരണം തൃപ്തികരമെന്ന് പാര്‍ട്ടി വിലയിരുത്തി. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെതന്നെ വിശദീകരണം നല്‍കിയിരുന്നു. ക്ഷേത്രാചാരങ്ങള്‍ പാലിക്കുകയാണ് ചെയ്തത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമായിരുന്നു അന്നത്തെ പരിപാടികളുടെ വിജയം. പക്ഷേ ചിലര്‍ ഇത് വിവാദമാക്കിയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കുടുംബാംഗങ്ങളുടെ പേരില്‍ പൂജകള്‍ നടത്തിയതിനെ കുറിച്ച് മന്ത്രി വിശദീകരിച്ചില്ലെന്നാണറിയുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയുടെ വിശദീകരണം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് വലിയ വിവാദമാകുമെന്നായിരുന്നു പൊതുവിലയിരുത്തല്‍. ബി.ജെ.പിയും ആര്‍.എസ്.എസും ഈ വിഷയം ചര്‍ച്ചയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികളൊന്നും വേണ്ടെന്ന തീരുമാനമെടുത്തത്.