തിരുവനന്തപുരം: കേരളത്തിലെ ബന്ധു നിയമന വിവാദം ചർച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഎം കേന്ദ്ര നേതാക്കൾ പങ്കെടുക്കില്ല. വിഷയം ഗൗരവമേറിയതാണെന്നും സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്താണെന്ന് നോക്കി ഭാവി സമീപനം തീരുമാനിക്കുമെന്നും നേതാക്കൾ ആവർത്തിച്ചു.
ബന്ധുനിയമന വിവാദം പാർട്ടിയെ പിടിച്ചു കുലുക്കിയ സാഹചര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വവും വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു.
തിരുത്തൽ നടപടി വേണം എന്നാണ് കേന്ദ്ര നേതൃത്വം നല്കിയ നിർദ്ദേശം. തിരുത്തലിനുള്ള നടപടികൾ തുടങ്ങിയെന്നും കേന്ദ്ര നേതാക്കൾ പറഞ്ഞു. എന്നാൽ ഈ വിഷയം ചർച്ച ചെയ്യാൻ ചേരുന്ന സുപ്രധാന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് കേന്ദ്ര നേതാക്കൾ ആരും പോകുന്നില്ല.സംസ്ഥാനത്ത് പ്രശ്നം പരിഹരിക്കും എന്നാണ് സംസ്ഥാന നേതാക്കൾ അറിയിച്ചിരുക്കുന്നത്.
സംസ്ഥാനത്ത് കൈക്കൊള്ളുന്ന തീരുമാനം തൃപ്തികരമല്ലെന്ന ആക്ഷേപമുണ്ടെങ്കിൽ ഇടപെടും. അച്ചടക്കനടപടിക്ക് തീരുമാനിച്ചാലും പിബിയുടെ അംഗീകാരം വാങ്ങേണ്ടി വരും ഏറെ ഗൗരവമേറിയ സംഭവമാണിതെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. ഇപി ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്നത് പോലുള്ള നടപടികൾക്ക് ഒന്നും ഇതു വരെ നിർദ്ദേശമില്ല. അതിനാൽ ഇപ്പോഴുണ്ടായ തെറ്റുതിരുത്തുക, ഒപ്പം കർശന മുന്നറിയിപ്പ് നല്‍കുക എന്നതാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത അതൃപ്തി പിബി യോഗത്തിൽ അറിയിച്ചെന്നാണ് സൂചന.
