ദില്ലി: രാജ്യസഭാ എംപിയും യുവനേതാവുമായ റിതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം ബംഗാള്‍ സംസ്ഥാന നേതൃത്വം, കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ റിതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പിബി അംഗ് മുഹമ്മദ് സലീം ചെയര്‍മാനായി അന്വേഷണ കമീഷനെ നിയോഗിച്ചു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്കും ശത്രുക്കള്‍ക്കും ചോര്‍ത്തി നല്‍കി, ആഢംബര ജീവിതം നയിക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞമാസം കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സിപിഎം കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗത്തെ വിമര്‍ശിച്ച് ഇദ്ദേഹം ബംഗാള്‍ ചാനലിന് അഭിമുഖം നല്‍കിയത്. തൊട്ടു പിറകെ റിതബ്രതാ ബാനര്‍ജിയെ പുറത്താക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും നിര്‍ദേശിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കുക. പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും മുന്‍കൈ എടുത്താണ് സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭ എംപി ആക്കുന്നതിനെതിരെ ചരടുവലിച്ചതെന്ന് അഭിമുഖത്തില്‍ റിതബ്രത ബാനര്‍ജി ആരോപിച്ചിരുന്നു. മുസ്ലിം,വനിത ക്വാട്ടകള്‍ ഉള്ളത് കൊണ്ടാണ് മുഹമ്മദ് സലിമും ബൃന്ദ കാരാട്ടും പിബിയില്‍ ഇരിക്കുന്നതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എങ്ങിനെ ഇത്തരം ക്വാട്ടകള്‍ ഉണ്ടാകുന്നു എന്നും അദ്ദേഹം ചോദിച്ചു. പിബിയില്‍ ഒരു വിഭാഗം എന്നും ബംഗാള്‍ സിപിഎമ്മിന് എതിരാണ്.ഇവരാണ് ചരിത്രപരമായ മണ്ടത്തരത്തിലൂടെ പ്രധാനമന്ത്രിയാകാനുള്ള ജ്യോതി ബസുവിന്റെ അവസരം നഷ്ടപ്പെടുത്തിയതെന്നും അഭിമുഖത്തില്‍ റിതബ്രത തുറന്നടിച്ചിരുന്നു.