പാലക്കാട്: പെപ്സിക്കെതിരെ സിപിഐ എം സമരത്തിന്. കമ്പനി പ്രവര്‍ത്തനം തുടങ്ങി 16 വര്‍ഷത്തിന് ശേഷമാണ് ജലചൂഷണത്തിനെതിരെ സിപിഐ എം സമരം നടത്തുന്നത്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടും, വന്‍ തോതില്‍ കുടിവെള്ളമൂറ്റി വില്‍ക്കുന്ന പെപ്സിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

മഴക്കുറവും, അനിയന്ത്രിതമായ ജലചൂഷണവും മൂലം പുതുശ്ശേരി മേഖല അതി ഗുരുതരമായ തരത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പെപ്സിക്കെതിരെ സിപിഎം സമരത്തിനൊരുങ്ങുന്നത്. പ്രാദേശിക സിപിഎമ്മിന്റെ നേതൃത്വത്തില്‍ എംബി രാജേഷ് എംപിഅധ്യക്ഷനായി ജലചൂഷണ വിരുദ്ധ സമിതി രൂപീകരിച്ചാണ് സമരം. സഹകരിക്കാന്‍ തയ്യാറുള്ള മുഴുവന്‍ പേരെയും ഒപ്പം കൂട്ടാനാണ് പ്രത്യേകസംഘടന.വെള്ളിയാഴ്ച പെപ്സി പരിസരത്ത് നടക്കുന്ന ജനകീയ പാര്‍ലമെന്റ് ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

പെപ്സിക്കുപുറമേ മൂന്ന് വന്‍കിട ഡിസ്റ്റിലറികളും അനവധി കുപ്പിവെള്ളക്കമ്പനികളും ചേര്‍ന്നാണ് പുതുശ്ശേരിയിലും സമീപ പഞ്ചായത്തുകളിലും ജലചൂഷണം നടത്തുന്നത്. പ്രതിദിനം എടുക്കാന്‍ അനുമതിയുള്ളതിലും പത്തിരട്ടിയിലേറെ വെള്ളം ഈ കമ്പനികള്‍ ഊറ്റുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. രൂക്ഷമായ വരള്‍ച്ചയുടെ സാഹചര്യത്തില്‍ കമ്പനികള്‍ പ്രവര്‍ത്തനം തുടര്‍ന്നാലുണ്ടാവുന്ന പ്രതിസന്ധി സര്‍ക്കാര്‍ തിരിച്ചറിയുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ. ജനങ്ങളുടെ ഒപ്പു ശേഖരണം, പാര്‍ലമെന്റ് മാര്‍ച്ച്,ബോധവല്‍ക്കരണ ജാഥ എന്നിവയാണ് സമിതി തുടര്‍ന്ന് നടത്താനുദ്ദേശിക്കുന്ന സമര പരിപാടികള്‍.