ടാറ്റയ്‌ക്ക് നാനോ കാറുണ്ടാക്കാനായി സിംഗുരിലെ 997 ഏക്കര്‍ കൃഷിഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുത്തതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ ഇങ്ങനെയായിരുന്നു ഇടതുസര്‍ക്കാര്‍ അക്രമത്തിലൂടെയായിരുന്നു നേരിട്ടത്. 34 വര്‍ഷത്തെ ബംഗാളിലെ സി.പി.എം ഭരണത്തെ കടപുഴക്കിക്കളഞ്ഞാണ് ഇതിന് ജനങ്ങള്‍ മറുപടി നല്‍കിയത്. സിംഗൂരില്‍ പാര്‍ട്ടിക്ക് ഭരണപരമായും രാഷ്‌ട്രീയമായും പരാജയം സംഭവിച്ചെന്ന് 2011ല്‍ സി.പി.എം കേന്ദ്രകമ്മറ്റി വിലയിരുത്തിയിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിംഗൂരിനെക്കുറിച്ച് ബംഗാളിലെ ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ ഭൂമിവിട്ടുനല്‍കാന്‍ 90ശതമാനത്തിലധികം കര്‍ഷരും സന്നദ്ധരായിരുന്നെന്നും നാനോഫാക്ടറിക്കായുള്ള പണിയെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ അവിടെ വ്യവസായം കൊണ്ടുവരുന്നതായിരുന്നു നല്ലതെന്നുമായിരുന്നു സുര്‍ജ്യകാന്ത് മിശ്രയുടെ പ്രതികരണം.

സിംഗൂര്‍ സംഭവത്തിന് ശേഷമുള്ള രണ്ട് നിയമസഭാതെരഞ്ഞെടുപ്പുകളിലും സി.പി.എം ദയനീയമായാണ് പശ്ചിമബംഗാളില്‍ പരാജയപ്പെട്ടത്. ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിശ്ചായയ്‌ക്കേറ്റ കളങ്കം ഇതുവരെ മാറിയിട്ടില്ല. സിംഗൂരില്‍ കൃഷിക്കാരെല്ലാം സി.പി.എമ്മിന് എതിരായാണ് അവിടെയെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തോട് സംസാരിച്ചത് എന്നകാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയവിവരങ്ങള്‍ നിങ്ങളുടെത് മാത്രമാണെന്നും ഞങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മറുപടി.