Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്‌ടപരിഹാരം ചോദിച്ചവരുടെ ഭൂമി ഇടിച്ചുനിരത്തി സിപിഎം ഗുണ്ടായിസം

cpim workers demolished compound walls of private properties in venjaramoos
Author
First Published Feb 1, 2018, 2:53 AM IST

തിരുവനന്തപുരം: റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെടവരുടെ ഭൂമി ജെ.സി.ബി ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇടിച്ചുനിരത്തിയെന്ന് ആരോപണം.തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടാണ് സംഭവം. നഷ്‌ടപരിഹാരം തേടി പരിസരവാസികള്‍ നല്‍കിയ കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്ദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ സാന്നിദ്ധ്യമില്ലാതെ റോഡിന്റെ അളവോ അലൈന്‍മെന്റോ പരിഗണിക്കാതെ വീടുകളുടെ മതിലുകള്‍  തകര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

cpim workers demolished compound walls of private properties in venjaramoos

വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പിരപ്പന്‍കോട് നിന്ന് അമ്പലംമുക്ക് വരെയുള്ള റിങ് റോഡ് നിര്‍മ്മാണത്തിനായി ഏതാനും പേരില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പ്രയോജനപ്പെടുത്തി 10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയത്. ഭൂരിപക്ഷം സ്ഥലങ്ങളിലും മതിയായ വീതി ഇപ്പോള്‍ തന്നെയുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളിലും ഒന്നോ രണ്ടോ അടി വീതം സ്ഥലമാണ് പരമാവധി ആവശ്യമായി വരുന്നത്. ജനകീയ സമിതികള്‍ രൂപീകരിച്ച് ആവശ്യമായ സ്ഥലം ഏറ്റെടുത്തായിരുന്നു നിര്‍മ്മാണം. ഈ പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്‌ടരപരിഹാരം നല്‍കില്ലെന്ന് അധികൃതര്‍ പ്രദേശവാസികളെ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലത്തിന് മതിയായ നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടും ഏതാനും പേര്‍ നെടുമങ്ങാട് കോടതിയെ സമീപിച്ചു. കോടതി അഭിഭാഷക കമ്മീഷനെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഫെബ്രുവരി രണ്ടിന് കേസ് പരിഗണിനയ്‌ക്കായി വെച്ചിരിക്കുകയാണ്.

cpim workers demolished compound walls of private properties in venjaramoos

ഇതിനിടെ ഇന്ന് ഉച്ചയോടെ സി.പി.എം തേമ്പാംമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രദേശിക സി.പി.എം പ്രവര്‍ത്തകര്‍ മൂന്ന് ജെ.സി.ബികളുമായെത്തി "സ്ഥലം ഏറ്റെടുക്കുക'യായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥര്‍ അളവെടുക്കാനെത്തിയെങ്കിലും കോടതിയില്‍ നിലനില്‍ക്കുന്ന കേസിന് തീര്‍പ്പാകുന്നത് വരെ അനുവദിക്കില്ലെന്ന നിലപാട് നാട്ടുകാര്‍ കൈക്കൊണ്ടു. തുടര്‍ന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അളവെടുക്കാതെ മതിലുകളിലും മറ്റും രേഖപ്പെടുത്തി ഉദ്ദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇന്ന് സി.പി.എം പ്രവര്‍ത്തകരുടെ ഗുണ്ടായിസം അരങ്ങേറിയത്. നാട്ടുകാരായ സി.പി.എം പ്രവര്‍ത്തകര്‍ ജെ.സി.ബികളുമായെത്തി വീടിന്റെ മതിലുകള്‍ തകര്‍ത്ത് ഭൂമി ഇടിച്ചുനിരത്തി.

cpim workers demolished compound walls of private properties in venjaramoos

ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വീടുകളില്‍ പുരുഷന്മാര്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘം എത്തിയതെന്ന് പ്രദേശത്തുള്ളവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് മതിലുകള്‍ ഇടിച്ചുപൊളിച്ചു. 50ഓളം സി.പി.എം പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ സംഘടിച്ച് ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ ഭീഷണിപ്പെടുത്തുകയും എതിര്‍ത്തവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു. വെഞ്ഞാറമൂട് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സ്ഥലത്ത് വന്ന് നോക്കി പോയതല്ലാതെ യാതൊരു നടപടിയും എടുത്തില്ല. വൈകുന്നേരം സംഭമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും സംഘം വാഹനങ്ങളുമായി മടങ്ങി. രാത്രി വീണ്ടും ഇവര്‍ എത്തുമെന്ന് ഭയന്ന് ബുധനാഴ്ച രാത്രി വൈകിയും സ്ഥലത്ത് നാട്ടുകാര്‍ കാവലിരിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങിയ ഒരാളുടെ സ്ഥലവും ഇന്ന് ഇടിച്ചുതകര്‍ത്തതില്‍ പെടുന്നു.

cpim workers demolished compound walls of private properties in venjaramoos

എന്നാല്‍ റോഡ് വികസനത്തിനായി ജനകീയ സമിതിയില്‍ തീരുമാന പ്രകാരം ഭൂമി വിട്ടു നല്‍കാന്‍ എല്ലാവരും സന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് സ്ഥലം എം.എല്‍.എ ഡി.കെ മുരളി പറയുന്നത്. സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് ഇക്കാര്യത്തില്‍ അമര്‍ഷമുണ്ടായിരുന്നതായും എം.എല്‍.എ പറയുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പൊതുമരമാത്ത് ഉദ്യോഗസ്ഥരാണ് മതിലുകള്‍ പൊളിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും എം.എല്‍.എയും പൊലീസും അവകാശപ്പെടുന്നു. എന്നാല്‍ ഉദ്ദ്യോഗസ്ഥര്‍ ആരും ഒപ്പമില്ലായിരുന്നെന്നും സ്ഥലം അളന്നുപോലും നോക്കാതെയാണ് മതിലുകള്‍ പൊളിച്ചതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios