സിപിഎം കോഴിക്കോട് ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതിനെതിരെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റിയതു വഴി സംഭവം വിവാദമായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് ജിപിഎം ജില്ലാ കമ്മറ്റി ഓഫീസായ സിഎച്ച് കണാരന്‍ മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം. തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ടതിനു പിന്നാലെ നടന്ന സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജയനാഥിനെ അന്വേഷണമാരംഭിച്ച് ദിവസങ്ങള്‍ക്കകം സ്ഥലം മാറ്റിയതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിലും ഇതുസംബന്ധിച്ച വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടി ഭരണത്തിലിരിക്കെ ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും പ്രതികളെ പിടികൂടാത്തത് ദുരൂഹമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഓഫീസ് ആക്രമണം ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയ നേതാക്കളുടെ വാക്കുകള്‍.

ആക്രമണം സിപിഎം സ്വയം ആസൂത്രണം ചെയ്‍തതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.