കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. കോണ്‍ഗ്രസ് സഹകരണം വേണോ, വേണ്ടയോ എന്നത് ഇന്ന് വോട്ടിനിട്ട് തീരുമാനിക്കും. തന്റെ രേഖ വോട്ടിനിട്ട് തള്ളുകയാണെങ്കില്‍ ജന. സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സീതാറാം യെച്ചൂരി പിബിയെ അറിയിച്ചു. രാജിവെക്കരുതെന്ന് പിബി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി കടുത്ത ഭിന്നതലിയിലാണ് കേന്ദ്ര കമ്മിറ്റിയില്‍ കരട് രാഷ്‍ട്രീയ രേഖയിന്‍മേലുള്ള ചര്‍ച്ച അവസാനിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത 61 അംഗങ്ങളില്‍ 31 പേര്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്ന കാരാട്ടിന്റെ രേഖയെ അനുകൂലിച്ചപ്പോള്‍ എല്ലാ മതേതര പാര്‍ട്ടികളുമായും നീക്കുപോക്കാകാം എന്ന യെച്ചൂരിയുടെ നിര്ദ്ദേശത്തെ 26 പേര്‍ മാത്രമാണ് പിന്തുണച്ചത്. നാല് അംഗങ്ങള്‍ സമവായം വേണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയ്‍ക്ക് ശേഷം ചേര്ന്ന പിബിയില്‍ തന്റെ രേഖ വോട്ടിനിട്ട് തള്ളുന്ന സാഹചര്യം ഉണ്ടായാല്‍ രാജിവെക്കുമെന്ന് സീതാറാം യെച്ചൂരി അറിയിച്ചു. എന്നാല്‍ ഇത്തരം കടുത്ത തീരുമാനങ്ങളുടെ ആവശ്യമില്ലെന്ന് യെച്ചൂരിയോട് പിബി വ്യക്തമാക്കി. അത് കേന്ദ്ര നേതൃത്വത്തിലെ ഭിന്നതയായി കണക്കാക്കപ്പെടുമെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരണം വേണോ വേണ്ടയോ എന്നത് വോട്ടിനിട്ട് തീരുമാനിക്കാനും പിബിയില്‍ ധാരണയായി. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ യെച്ചൂരിയെ അനുകൂലിച്ച് നിലപാടെടുത്തു. ബംഗാളില്‍ നിന്ന് സംസാരിച്ചവര്‍ രൂക്ഷമായ ഭാഷയിലാണ് കാരാട്ട് പക്ഷത്തെ വിമര്‍ശിച്ചത്. നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും തീരുമാനം എടുക്കുകയും എല്ലാ പാര്‍ടി അംഗങ്ങളുടേയും മേല്‍‍ അടിച്ചേല്‍‌പ്പിക്കുന്ന ശൈലി ശരിയല്ല എന്നുമായിരുന്നു ബംഗാള് നേതാക്കളുടെ വിമര്‍ശനം. സാധാരണ പാര്‍ടി പ്രവര്ത്തകരുടെ വികാരം മനസിലാക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്ന് ചോദ്യവും അവര്‍ ഉന്നയിച്ചു. പിന്നീട് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത് വിജയിച്ചില്ല. രേഖ പരാജയപ്പെട്ടാലും യെച്ചൂരി ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന വാദമാണ് ബംഗാള് ഘടകം ഉയര്‍ത്തുന്നത്. ഇതോടെ തര്‍ക്കം പാര്‍ടി കോണ്‍ഗ്രസിലേക്ക് എത്തിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം.