തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിയെന്നാരോപിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ നിലപാടിനെതിരെ ഇടത് മുന്നണി യോഗത്തിൽ രൂക്ഷ വിമര്‍ശനം. സിപിഐയുടെ നിലപാട് മര്യാദകേടാണെന്ന് മുന്നണിയോഗം വിലയിരുത്തി. പാര്‍ട്ടി നിലപാടാണെന്നായിരുന്നു സിപിഐ വിശദീകരണം. സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം മുതൽ മുന്നണിയുടെ കെട്ടുറപ്പ് വരെയുള്ള ചര്‍ച്ചകൾക്ക് ഇടയാക്കിയിരുന്നു സിപിഐയുടെ മന്ത്രിസഭാ യോഗ ബഹിഷ്കരണ തീരുമാനം.
അജണ്ടയിലുൾപ്പെടുത്തിയാണ് ഇടത് മുന്നണിയോഗം സിപിഐ നിലപാട് ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഐ നിലപാട് മുന്നണി മര്യാദയുടെ ലംഘനമെന്ന വിലയിരുത്തലിനോട് മറ്റ് ഘടകകക്ഷികളും യോജിച്ചു. പാര്‍ട്ടി തീരുമാനം അതായിരുന്നു എന്ന് സിപിഐ വിശദീകരിച്ചു. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ട് . അത് മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്
വീരേന്ദ്രകുമാറിന്റെ മടങ്ങി വരവ് അടക്കം മുന്നണി വിപുലീകരണ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. വൻകിട നിര്‍മ്മാണ മേഖല അടക്കം സംതംഭിക്കുന്ന സാഹചര്യത്തിൽ പാറക്കോറി നിയന്ത്രണത്തിലിടപെടാൻ് മുന്നണി സര്‍ക്കാറിന് നിര്‍ദ്ദേശം നൽകി. ഓഖി രക്ഷാ പുനരധിവാസ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി
