രാഹുൽ ഗാന്ധിയാണോ ആണോ രാഹുൽ ഈശ്വർ ആണോ നേതാവെന്ന് കേരളത്തിലെ കോൺഗ്രസുകാർ തീരുമാനിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തോട് വ്യക്തിപരമായി യോജിക്കുന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് കേരളാ നേതൃത്വത്തെ പരിഹസിച്ച് സിപിഎമ്മും ബിജെപിയും. രാഹുൽ ഗാന്ധിയാണോ രാഹുൽ ഈശ്വർ ആണോ നേതാവെന്ന് കേരളത്തിലെ കോൺഗ്രസുകാർ തീരുമാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.

രാഹുൽഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം. രാഹുൽ ഗാന്ധിയാണ് നേതാവെങ്കിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാട് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. 

അതേസമയം ഭക്തരെ കോൺഗ്രസ്‌ പാതി വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. ശബരിമല പ്രശ്നത്തിൽ കോൺഗ്രസ്‌ നിലപാട് ഇരട്ട താപ്പാണെന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടെ തെളിഞ്ഞുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.