തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്ന് സന്നിധാനത്ത് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സർക്കാരും സിപിഎമ്മും രംഗത്ത്. നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തന്ത്രി കോടതിയിൽ മറുപടി പറയേണ്ടി വരും. 

തിരുവിതാംകൂര്‍ ദേവസ്വം മാന്വൽ തന്ത്രിക്ക് നട അടയ്ക്കാനുള്ള അനുമതി ഏകപക്ഷീയമായി നല്‍കുന്നില്ല. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ളവരുമായി ബന്ധപ്പെട്ട് മാത്രമേ നടപടി എടുക്കാനാകൂ. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ നട അടയ്ക്കുന്ന കാര്യം തന്നോട് ആലോചിച്ചിട്ടില്ലെന്നാണ് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വിവരം അറിഞ്ഞപ്പോൾ തന്നെ തന്ത്രി വിളിച്ചിരുന്നു, എന്നാൽ ശുദ്ധിക്രിയ നടത്താതെ വേറെ വഴിയില്ലെന്ന് മാത്രമാണ് പറഞ്ഞത്. ദേവസ്വംബോർഡിന്‍റെ അഭിപ്രായം തന്ത്രി തേടിയില്ല - പദ്മകുമാർ വ്യക്തമാക്കി. 

എവിടെയും ക്ഷേത്രാരാധനയ്ക്കും മറ്റ് കാര്യങ്ങള്‍ക്കും എത്തുന്ന ഭക്തര്‍ക്കും മറ്റ് ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാനാണ് പൊലീസ് സംവിധാനം. അത് ആക്ഷേപമായി ഉന്നയിക്കേണ്ട ആവശ്യമില്ല. ഏത് പ്രായക്കാര്‍ക്കും പോകാമെന്ന സുപ്രീംകോടതി വിധി ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് അതിനുള്ള അധികാരമുണ്ട്. അവര്‍ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ പൊലീസിനും ജനാധിപത്യ രാജ്യത്തെ സര്‍ക്കാരിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. 

'തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നു'

തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറ‌ഞ്ഞു.  ഉത്തരവാദിത്വമുള്ളവർ തന്നെ വിധി ലംഘിക്കുന്നുവെന്നും കോടിയേരി വിശദമാക്കി. നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.  

'തന്ത്രി ഭീകരവാദികളുടെ കളിയിൽ പെട്ടു'

ശബരിമല തന്ത്രി ഭീകരവാദികളുടെ കയ്യിൽപെട്ട് കളിക്കുകയാണെന്നാണ് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചത്. യുവതികൾ കയറിയതിൽ ജയപരാജയത്തിന്‍റെ വിഷയമൊന്നുമില്ല. കോടതി വിധി നടപ്പായി, അത്രമാത്രം. ജയരാജൻ വ്യക്തമാക്കുന്നു. നട അടച്ച നടപടി ദുഃഖകരമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ജയരാജൻ വ്യക്തമാക്കി.