കണ്ണൂര്‍: ജില്ലയിലെ അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍. പ്രകോപന പ്രസംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രകോപന പ്രചരണങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.മട്ടന്നൂരിലടക്കം തുടർച്ചയായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന സമാധാന യോഗത്തിലാണ് തീരുമാനം.

പരിക്കേറ്റവരെ സർവകക്ഷി സംഘം സന്ദർശിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ സമാധാന കരാർ നടപ്പാക്കുന്നതിൽ ചില പ്രദേശങ്ങളിൽ വീഴ്ച ഉണ്ടായെന്നു എസ്.പി പി ജി ശിവവിക്രം പറഞ്ഞു. 

സിപിഎം-ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ് കളക്ടറുടെ നടപടി. കളക്ടറുടെ ചേംബറിലാണ് യോഗം നടന്നത്. സമാധാന കരാർ നിലനിൽക്കെ തുടരെ സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇനി ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു ബിജെപി നിലപാട്. എന്നാല്‍ അവസാന നിമിഷമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി തയ്യാറായത്.