തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായി തലസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സിപിഎം ഓഫീസിനും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെയുള്ള അക്രമത്തിന് ശേഷം ഞായറാഴ്ചയും ആക്രമണങ്ങള്‍ അരങ്ങേറി.നേരത്തെ രണ്ട് ഡിവൈഎഫഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് നിരവധി അക്രമസംഭവങ്ങള്‍ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ് നടന്നു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബിജെപി പ്രകടനം കടന്നുപോയതിന് പിന്നാലെയായിരുന്നു അക്രമം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം ആരോപിച്ചു.അതേസമയം അക്രമം തടയാത്തത് പൊലീസിന്‍റെ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു . പൊലീസ് കാവൽ ഉണ്ടായിട്ടും അക്രമം തടയാനായില്ലെന്നും മന്ത്രി ആരോപിച്ചു.
കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ സാജുവിന്റെ വീടിനു നേരെയും ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. ഉഴമലയില്‍ സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ റഹീമിന്റെ വീടിന് നേരെ ബോംബേറും ഉണ്ടായി. ഏതാനും മാസംമുമ്പ് പ്രാദേശിക രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട പ്രദേശത്താണ് അക്രമം വ്യാപകമായത്.
