ഇടുക്കി: വട്ടവടയില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ബിജെപി സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിപിഎം അംഗം ജയ മാരിയപ്പനും, ബിജെപി അംഗം മുരുകേശ്വരിക്കുമാണ് പരിക്കേറ്റത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി അംഗങ്ങളെ കയറ്റിവിടാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. 

വട്ടവടയിലെ 12-ാം വാര്‍ഡ് അംഗം മുരികേശ്വരിയുടെ നേത്യത്വത്തില്‍ 15 ഓളംവരുന്ന പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് കോണ്‍ഫറന്‍സ് ഓഫീസിലേക്ക് തള്ളിക്കയറുകയും അവിടെയുണ്ടായിരുന്ന കസേരയടക്കമുള്ളവ നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കുടുംബശ്രീയുടെ എഡിഎസ് തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ അധിക്യതര്‍ ആരംഭിച്ചത്. 

വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തവര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മുരികേശ്വരിയുടെ നേത്യത്വത്തില്‍ 15 ഓളംവരുന്ന പുരുഷന്മാരടങ്ങുന്ന സംഘം അക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ അക്രമികളെ ഹാളില്‍ നിന്നും ഒഴിപ്പിച്ചശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.