കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം.  മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുൽദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്.  മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസാണ് അതുൽദാസിനെതിരെ ചുമത്തിയിരുന്നത്.

ജനുവരി മൂന്നിലെ ഹര്‍ത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. അന്നേദിവസം വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാമ്പ്രയില്‍ ടൗണില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തി. പിന്നീട് പേരാമ്പ്ര-വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്. 

ദൃക്സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ് അതുല്‍ദാസ്.

അതേസമയം, ആര്‍എസ്എസുമായി ബന്ധമുള്ള പൊലീസുകാരുടെ ഗൂഡാലോചനയാണ് അറസ്റ്റിന് പിന്നിലെന്ന് മന്ത്രി ഇ പി ജയരാജന്‍ ആരോപിച്ചു.