തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരായ പോളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർച്ച് ഞായറാഴ്ച കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. വിഎസ് ഗുരുതര അച്ചടക്കലംഘനം നടത്തിയതായി പിബി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. പാർട്ടിയുടെ ദേശീയ നിലപാടിനെ പലവട്ടം ചോദ്യം ചെയ്തതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എന്നാൽ വിഎസിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലന്നാണ് സൂചന.
വിഎസിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് സംസ്ഥാന ഘടകം നല്‍കിയ പരാതി, പിന്നീട് ആലപ്പുഴ സമ്മേളനത്തിന് ശേഷം നല്‍കിയ പരാതി എന്നിവ പരിഗണിച്ച പോളിറ്റ് ബ്യൂറോ കമ്മീഷൻ രൂക്ഷമായ വിമർശനമാണ് റിപ്പോർട്ടിൽ വിഎസിനെതിരെ നടത്തിയിരിക്കുന്നത്. വിഎസ് പാർട്ടി ചട്ടങ്ങളും കേന്ദ്ര കമ്മീറ്റി കേരളത്തിലെ വിഷയങ്ങളിൽ നല്‍കിയ നിർദ്ദേശങ്ങളും ലംഘിച്ചെന്നാണ് റിപ്പോർട്ട്.
വിഎസിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആരോപണങ്ങളും സംസ്ഥാന നേതൃത്വത്തിനെതിരായ വിഎസിന്റെ ആരോപണങ്ങളും അന്വേഷിക്കുന്നതിനായി നാല് വര്‍ഷം മുമ്പാണ് പ്രകാശ് കാരാട്ടിന്റെ അധ്യക്ഷതയില്‍ പി.ബി കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്‍ പിന്നീട് പുനഃസംഘടിപ്പിക്കുകയായിരുന്നു.
മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി ഇന്നു രാവിലെയാണു തിരുവനന്തപുരത്ത് ആരംഭിച്ചത്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്കും നോട്ട് അസാധുവാക്കലിനെതിരെയുളള പ്രക്ഷോഭപരിപാടികള്‍ക്കും കേന്ദ്ര കമ്മിറ്റി യോഗം രൂപം നല്‍കും.
