ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം ആഘോഷിക്കാന്‍ സി പി ഐ എം സംസ്ഥാന കമ്മറ്റി, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക് കേരളാഹൗസില്‍ വിരുന്നൊരുക്കി. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രകമ്മറ്റി അംഗങ്ങളും എ കെ ജി ഭവനിലെ ജീവനക്കാരും വിരുന്നിനെത്തി. എന്നാല്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ കേരളാഹൗസില്‍ ഉണ്ടായിരുന്നെങ്കിലും വിരുന്നു നടക്കുന്ന ഹാളിലെത്തിയില്ല.
ചോറും സാമ്പാറും ഉപ്പേരിയും. കൂടെ നല്ല ചിക്കന്‍ കറിയും, മീന്‍ വറുത്തതും. മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ നിരത്തിയായിരുന്നു കേന്ദ്ര കമ്മറ്റിയംഗങ്ങള്‍ക്ക് സി പി ഐ എം സംസ്ഥാനക്കമ്മറ്റി നല്‍കിയ വിരുന്ന് സല്‍ക്കാരം. അതിഥികളെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ട് സ്വീകരിച്ചു. കേരളാ ഭക്ഷണം ഏറെ സ്വാദിഷ്ടമായിരുന്നെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേരള ഭക്ഷണം ഇലയിട്ടു വിളമ്പിയില്ല എന്നതായിരുന്നു സുഭാഷിണി അലിയുടെ പരാതി. എന്നാല്‍ വിരുന്നു നടക്കുന്ന ഹാളിലേക്ക് മുതിര്‍ന്ന നേതാവ് വി എസ് എത്തിയില്ല. കേന്ദ്ര കമ്മറ്റി യോഗം കഴിഞ്ഞെത്തിയ വി എസ് കേരളാ ഹൗസിലെ ബഹളം ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയി. പതിവു പോലെ സ്വന്തം മുറിയിലേക്ക് വി എസ് ഭക്ഷണം വരുത്തി. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ഭിന്നത തുടരുമ്പോഴാണ് കേരളാ ഹൗസിലെ ഈ ഒത്തുകൂടല്‍ നടന്നത്.
