കൊപ്പം വാർഡ് കൗൺസിലർ പി രാജീവാണ് രാജിവെച്ചത്

തിരുവനന്തപുരം: നെടുമങ്ങാട് ന​ഗരസഭയിലെ സിപിഎം കൗൺസിലർ രാജിവെച്ചു. വാ​ഗ്ദാനം ചെയ്ത പാലം യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിനെ തുർന്ന് കൊപ്പം വാർഡ് കൗൺസിലർ പി രാജീവാണ് രാജിവെച്ചത്. രാജി സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുന്നം വലിയ പാലത്തിന് ഒന്നരക്കോടി അനുവദിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ ഇപ്പോഴും അവ്യക്തമാണെന്ന് കുറിപ്പിൽ പറയുന്നു.

`വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവനും ജനപ്രതിനിധി ആയി തുടരാൻ പാടില്ല. കൂടാതെ അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും അത് നാണക്കേടുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് തന്റെ രാജി' കുറിപ്പിൽ പറയുന്നു. ഇതുവരെ പിന്തുണ നൽകിയിരുന്ന ഓരോരുത്തർക്കും നന്ദി പറഞ്ഞുകൊണ്ടാണ് രാജീവ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

രാജിക്കത്ത് സ്ഥിരീകരിച്ചതായി ന​ഗരസഭാ സെക്രട്ടറി അറിയിച്ചു. 39 അം​ഗ ന​ഗരസഭയിൽ 27 കൗൺസിലർമാരുള്ളതിനാൽ രാജി എൽഡിഎഫ് ഭരണത്തെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.