തിരുവനന്തപുരം: ഭിന്നത തീര്‍ക്കാന്‍ സി പി എം - സി പി ഐ സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നാളെ ചര്‍ച്ച നടത്തും. നാളത്തെ എല്‍ ഡി എഫ് യോഗത്തിന് ശേഷം കൂടിക്കാഴ്ച നടത്താനാണ് ധാരണ എ കെ ജി സെന്ററില്‍ ഒരുമിച്ച് ഒരു പരിപാടിയില്‍ കോടിയേരിയും കാനവും മഞ്ഞുരുകുന്നതിന്റെ സൂചന നല്‍കി.

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിന് ശേഷം തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്നായിരുന്നു മുന്‍ ധാരണ. രാവിലെ എ കെ ജി സെന്ററിലെത്തിയ കാനത്തെ കോടിയേരി സ്വീകരിച്ചു. എന്നാല്‍ പരിപാടി നീണ്ടതോടെ നേതാക്കള്‍ പരസ്‌പരം ആലോചിച്ച് ചര്‍ച്ച നാളത്തേക്ക് മാറ്റി.

മൂന്നാര്‍, മഹിജസമരം പൊലീസ് നയം എന്നിവയിലെല്ലാം ഇരുകക്ഷികളും തമ്മില്‍ രൂക്ഷമായ ഭിന്നതയാണുള്ളത്. സര്‍ക്കാര്‍ ഇടതു മുന്നണിയുടേതാണെന്നും ജനം ആഗ്രഹിക്കുന്ന സുതാര്യത ഭരണത്തിന് വേണമെന്നും സി പി ഐ നാളത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. പോലീസ് ഭരണവും ഇടത് മുന്നണിയുടെ നയത്തിനനുസരിച്ച് വേണമെന്നാണ് സി പി ഐ നിലപാട്.