ഇടുക്കി: മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ റവന്യൂ വകുപ്പിനെതിരെയുള്ള ഹർത്താൽ തുടങ്ങി. സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മൂന്നാർ മേഖലയിലെ അനധികൃത നിർമ്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ റവന്യൂ വകുപ്പ് ശക്തമായ നടപടികൾ തുടരുന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. മൂന്നാറിൽ വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ റവന്യൂ ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്നാണ് ഹർത്താൽ അനുകൂലികൾ പറയുന്നത്. കയ്യേറ്റക്കാർക്കു വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐ യും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല. ഹർത്താൽ വിജയിപ്പിക്കാൻ സിപിഎമ്മും പരാജയപ്പെടുത്താൻ സിപിഐയും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.