ഇടുക്കി: മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ തുറന്നുകാട്ടിയ റവന്യുവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലില്‍ പരക്കെ ആക്രമണം. ഹര്‍ത്താലില്‍ നിന്ന് സിപിഐ വിട്ടുനിന്നത് കൊണ്ട് ഹര്‍ത്താല്‍ വിജയിക്കേണ്ടത് സിപിഎമ്മിന്റെ അഭിമാനപ്രശ്‌നമായി തീര്‍ന്നു. രാവിലെ തന്നെ പ്രധാന നിരത്തുകള്‍ കല്ലും മരങ്ങളും കുപ്പിച്ചിലുകളും ഉപയോഗിച്ച് തടഞ്ഞിരുന്നു. മൂന്നാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന മൂന്നാര്‍ കോളനി റോഡില്‍ അഞ്ചിടങ്ങളിലായി കുപ്പി, കല്ല്, മരം തുടങ്ങിയവ ഉപയോഗിച്ച് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിരുന്നു. കടകള്‍ അടപ്പിക്കുന്നതിനും വാഹനങ്ങള്‍ തടയാനുമായി രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സജ്ജരായിരുന്നു.

ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തും അത് ഉന്തിലും തള്ളിലുമെത്തിയപ്പോഴും പോലീസ് കാഴ്ച്ചക്കാരായി നിന്നതേയുള്ളൂ. ചിന്നക്കനാലില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു സിപിഐക്കാരനെ മര്‍ദ്ദിച്ചു. റോഡുകളില്‍ കുപ്പിച്ചില്ലുകള്‍ പൊട്ടിച്ചിട്ടത് കാല്‍നടക്കാരായ വിദേശികളെയും സ്വദേശികളെയും ഒരു പോലെ വിഷമത്തിലാക്കി. വിനോദ സഞ്ചാരികള്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലും കുപ്പിച്ചില്ലുമുപയോഗിച്ച് ആക്രമണം നടന്നു.
വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്കെത്തിച്ചത് സംഘര്‍ഷഭരിതമായ അന്തരീഷം സൃഷ്ടിച്ചു. ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകരായ ശക്തിവേല്‍, ഫാസില്‍ റഹിം, മഹാരാജ, മണികണ്ഠന്‍, വിഷ്ണു എന്നിവരെയാണ് കസ്റ്റഡിയലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്തതോടെ സ്റ്റേഷനിലേക്ക് ഇരമ്പിയെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷന് മുമ്പില്‍ പ്രക്ഷുബ്ദമായ അന്തരീഷം സൃഷ്ടിച്ചു. കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷന്‍ ഉപരോധം. സി.പി.എം നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് യുവാക്കളെ കസ്റ്റഡിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
രാവിലെ ഹര്‍ത്താലിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കൈയ്യേറ്റ ശ്രമമുണ്ടായി. വാഹനത്തെ ആക്രമിച്ചത് ചോദ്യം ചെയ്ത ടാക്‌സി ഡ്രൈവറിനും മര്‍ദ്ദനമേറ്റു. മൂന്നാറില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ പഴയമൂന്നാറിലുള്ള ഡിപ്പോയ്ക്ക് സമീപം തടഞ്ഞിട്ടത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. മൂന്നാര്‍ നല്ലതണ്ണി റോഡില്‍ പാതി തുറന്നു പ്രവര്‍ത്തിച്ച ഹോട്ടല്‍ നിര്‍ബന്ധമായി പൂട്ടിക്കാന്‍ ശ്രമിച്ചതും സംഘര്‍ത്തിനിടയാക്കി.
മൂന്നാറിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുക, നിര്‍മ്മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, ഇ.എഫ്.എല്‍ ആക്ട് ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കുക, ഏലമലക്കാടുകള്‍ വനമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയപാത അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന വനം വകുപ്പിന്റെ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ത്താല്‍. സാധരണക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സ്യഷ്ടിക്കാതെവേണം ഹര്‍ത്താലുകള്‍ നടത്തേണ്ടതെന്ന കോടതി വിധിപോലും അവഗണിച്ചാണ് മൂന്നാറിലെ ഭരണകക്ഷിനേതാക്കള്‍ അഴിഞ്ഞാടിയത്.
