Asianet News MalayalamAsianet News Malayalam

ചൈത്ര തെരേസാ ജോണിനെതിരെ വിട്ടുവീഴ്ചക്കില്ലെന്ന് സിപിഎം; നടപടി നീക്കത്തിൽ ഉദ്യോഗസ്ഥ‍ർക്ക് അതൃപ്തി

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം. 

cpm is not ready to compromise Chaitra Teresa John
Author
Trivandrum, First Published Jan 27, 2019, 10:41 AM IST

തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം. റെയിഡിന്റെ സാഹചര്യത്തെ കുറിച്ചും ചൈത്രയുടെ നടപടിയെ കുറിച്ചും അന്വേഷിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം നാളെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിൽ സിപിഎം ജില്ലാ നേതൃത്വം ഉറച്ച് നിൽക്കുന്നത്. ഒഴിവാക്കാമായിരുന്ന നടപടിക്ക് ഉദ്യോഗസ്ഥ മുതിര്‍ന്നെന്ന് മാത്രമല്ല, പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ ആരെയും റെയിഡിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്താനായില്ലെന്നുമാണ് നേതാക്കൾ പറയുന്നു. എവിടെ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയിഡിനെത്തിയതെന്ന് ചൈത്ര തെരേസ ജോൺ വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം 

അതേസമയം ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കുന്നതിൽ പൊലീസ് സേനക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിജിപി വിശദീകരണം ചോദിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. താൻ ചെയ്തത് കൃത്യനി‍വ്വഹണം മാത്രമാമെന്ന് ചൈത്ര തെരേസ ജോൺ വിശദീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാൽ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാകുമെന്നാണ് പൊലീസ് സേനയിലെ പൊതുവികാരം. 

പൊലീസ് സേനക്കകത്ത് മാത്രമല്ല ചൈത്ര തെരേസ ജോണിനെതിരായ നീക്കങ്ങൾ പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാണ്. കടുത്ത നടപടിക്ക് മുതിര്‍ന്നാൽ അത് സര്‍ക്കാറിനും ഭരണകക്ഷിയായ സിപിഎമ്മിനും എതിരായ വികാരം ശക്തമാക്കുമെന്ന വിലയിരുത്തലും ഉണ്ട് 

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറി‌ഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. 

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios