തിരുവനന്തപുരം: സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച എം.എം.മണി മന്ത്രിസഭയിലേക്കെത്തുമ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം കരുതലോടെ. മന്ത്രിസഭയിൽ അഴിച്ച് പണിയല്ല, ഒഴിവ് നികത്തലാണ് നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുന്നണി ബന്ധം തന്നെ ഉലയ്ക്കും വിധമായിരുന്നു സിപിഐ മന്ത്രിമാര്‍ക്കെതിരെ എംഎം മണിയുടെ വിമ‌ർശനം. മണ്ടത്തരം മാത്രം കാണിക്കുന്ന റവന്യു, കൃഷി മന്ത്രിമാര്‍ സര്‍ക്കാറിന് തലവേദനയുണ്ടാക്കുന്ന എന്ന മണിയാശാന്റെ പരാമര്‍ശം വൻ കോളിളക്കമുണ്ടാക്കി.കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സിപിഐ ജനയുഗത്തിൽ മുഖപ്രസംഗം വരെ എഴുതി. അതുകൊണ്ടുതന്നെ എംഎം മണി മന്ത്രിസഭയിലേക്കെത്തുമ്പോൾ കരുതലോടെയാണ് സിപിഐ പ്രതികരിക്കുന്നത്.ർ

സിപിഐ മന്ത്രിമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നും തുടങ്ങുന്നതിന് നിങ്ങള്‍ നമ്മള്‍ക്കിട്ട് പണിതരാന്‍ നോക്കുകയല്ലേ എന്നുമായിരുന്നു നിയുക്തമന്ത്രി എംഎം മണിയുടെ പ്രതികരണം. പാര്‍ട്ടി ഏൽപ്പിക്കുന്ന എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.