Asianet News MalayalamAsianet News Malayalam

സിപിഎം നേതാക്കൾ പെരിയയിലേക്കില്ല; സംഘർഷസാധ്യത കണക്കിലെടുത്ത് സന്ദർശനം മാറ്റി

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെ മേഖലയിൽ പരക്കെ അക്രമമുണ്ടായിരുന്നു. സ്ഥലത്തെ വീടുകളും കടകളും തല്ലിത്തകർത്തു. കടകൾക്ക് തീ വച്ചു.

cpm leaders will not visit periya in kasargod today
Author
Periya, First Published Feb 19, 2019, 10:30 AM IST

കാസർകോട്: കാസർകോട് പെരിയയിൽ ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളിൽ തകർന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിക്കാനുള്ള നീക്കം സിപിഎം നേതാക്കൾ ഉപേക്ഷിച്ചു. സംഘർഷ സാധ്യതയുള്ളതിനാൽ അങ്ങോട്ടേക്ക് പോകരുതന്ന പൊലീസിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.  

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട കല്യോട്ട് പരക്കെ അക്രമമുണ്ടായിരുന്നു. വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകൾ അടിച്ചുതകർത്തു. 

സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എകെജി വായനാശാല കത്തിച്ചു. ഇവിടത്തെ പുസ്തകങ്ങളും മറ്റ് രേഖകളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്. നിരവധി പാർട്ടി സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി നേതാക്കൾ പറഞ്ഞു. 

ഇന്നലെ ഹർത്താലിൽ കാസർകോട്ട് വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷാ മുൻകരുതലുകളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും പാർട്ടി അനുബന്ധ സ്ഥാപനങ്ങൾക്കും സുരക്ഷയുണ്ട്. പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട്. സുരക്ഷാ മുൻ കരുതലുകൾക്കായി നാല് പ്ലാറ്റൂൺ അധിക പൊലീസിനെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios