ചെന്നൈ: കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കി അധികാരത്തിലേറുമ്പോഴും തമിഴ്‌നാട്ടിലെ സമ്പൂര്‍ണ പരാജയം സിപിഎമ്മിനു തിരിച്ചടിയാകും. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടിലും സീറ്റ് ഉണ്ടായിരുന്നതാണു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി നിലനിര്‍ത്തിയിരുന്നത്. ഇത്തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്നതോടെ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും.

ഏതെല്ലാം പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികളായി അംഗീകരിക്കാമെന്നു തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ചില മാനദണ്ഡങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 11 എംപിമാര്‍ ഉണ്ടാകണം അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍നിന്നായി ആറു ശതമാനം വോട്ടും നാല് സീറ്റുകളും നേടണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ആകെ 3.25 ശതമാനം വോട്ടും ഒമ്പതു സീറ്റുമാണ് ലഭിച്ചത്.

നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവിയുള്ള കക്ഷികളെ തെരഞ്ഞെടുപ്പു കമ്മിഷന്‍ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കാറുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാങ്ങളിലെ സംസ്ഥാന പാര്‍ട്ടി പദവികൊണ്ടാണു സിപിഎം ദേശീയ പാര്‍ട്ടിയായി പിടിച്ചുനിന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇത്തവണ സിപിഐഎമ്മിനു സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടിയില്ലെന്നു മാത്രമല്ല, 0.7 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്കൊപ്പം സഖ്യമായി മത്സരിച്ച സിപിഐഎമ്മിന് 10 സീറ്റ് നേടാനായിരുന്നു. ഇത്തവണ ഡിഎംഡികെ ജനക്ഷേമ മുന്നണിയില്‍ മത്സരിച്ച ഒരു പാര്‍ട്ടിയും സീറ്റ് നേടിയിട്ടില്ല. അതോടെ തമിഴ്‌നാട്ടിലെ സംസ്ഥാന പദവി നഷ്ടമാകും. പിന്നാലെ ദേശീയ പാര്‍ട്ടി പദവിയും നഷ്ടമാകാനാണു സാധ്യത.