തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എല്‍എക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരിങ്ങാലക്കുടയിലെ സിപിഎം എംഎല്‍എയായ കെ.യു അരുണന്‍ ആണ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ എംഎല്‍എ ആര്‍എസ്എസ് ബോര്‍ഡ് വച്ച പരിപാടിയില്‍ പോയത് ശരിയായില്ലെന്നാണ് വിമര്‍ശനം.

ആര്‍എസ്എസിന്റെ സേവാ പ്രമുഖ് ആയിരുന്ന വിഎസ് ഷൈനിന്റെ സ്മരണാര്‍ത്ഥമുള്ള പുസ്തക വിതരണ ചടങ്ങാണ് സിപിഎം എംഎല്‍എ ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് ബോര്‍ഡ് വച്ച പരിപാടിയില്‍ പങ്കെടുത്ത എംഎല്‍ക്കെതിരെ ജില്ലയിലെ സിപിഎം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു.

എന്നാല്‍ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ച് അറിയിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതുമെന്നാണ് എംഎല്‍എ നല്‍കിയ വിശദീകരണം. ജില്ലാ ഘടകത്തില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

അതേസമയം ആര്‍എസ്എസ്എസിന്റെ വേദിയില്‍ പോയതിന് എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടതായി സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അറിയിച്ചു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രദേശത്തെ എംഎല്‍എയെ എന്ന രീതിയിലാണ് സിപിഎം എംഎല്‍എ ആയിട്ട് കൂടി ക്ഷണിച്ചത് എന്നാണ് ആര്‍എസ്എസ് നല്‍കുന്ന വിശദീകരണം. ഒരു നാട്ടില്‍ നടക്കുന്ന പരിപാടിക്കാണ് എംഎല്‍എയെ വിളിച്ചത്. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതും എംഎല്‍എയെ ക്രൂശിക്കുന്നതും ശരിയായ നടപടിയല്ലെന്ന് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിച്ചു.