ഇടുക്കി: മൂന്നാറില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ കൈവശം വച്ചിരിക്കുന്നത് പട്ടയ ഭൂമിയാണെന്ന വാദം പൊളിയുന്നു. രാജേന്ദ്രന്‍ താമസിക്കുന്ന ഭൂമിയും പട്ടയം ലഭിച്ച ഭൂമിയും രണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു സര്‍വ്വേ നമ്പര്‍ രണ്ടെന്നതിന് പുറമെ സ്ഥലത്തിന്റെ അതിരുകളിലും സ്‌കെച്ചിലും വ്യത്യാസം ഉണ്ട്.
രേഖകള്‍ പ്രകാരം കെഡിഎച്ച് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 843 ലുള്ള എട്ട് സെന്റ് സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം കിട്ടിയിരിക്കുന്നത്. എന്നാല്‍ രാജേന്ദ്രന്‍ വീടു വച്ചു താമസിക്കുന്നത് സര്‍വേ നമ്പര്‍ 912 ല്‍ പെട്ട സ്ഥലമാണ്. സര്‍വേ നമ്പരിനു പുറമെ പട്ടയത്തില്‍ അതരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിലും ഏറെ വ്യത്യാസമുണ്ട്.

പട്ടയത്തില്‍ മൂന്നു അതിരുകളിലും സര്‍ക്കാര്‍ ഭൂമിയും വടക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലവുമാണ്. ഈ വര്‍ഷമാദ്യം തനിക്ക് വീടു നിര്‍മ്മിക്കാന്‍ എന്‍ഒസി നല്‍കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. സര്‍വേ നമ്പര്‍ 912 ലുള്ള സ്ഥലത്ത് വീടു നിര്‍മ്മിക്കനാണ് അപേക്ഷ നല്‍കിയത്.
എന്നാല്‍ പട്ടയത്തിലെ സര്‍വേ നന്പര്‍ 843 ആണെന്നും കൈവശമിരിക്കുന്ന സ്ഥലം 912 സര്‍വേ നന്പരിലാണെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്‍ഒസിക്കായി നല്‍കിയ അപേക്ഷയില്‍ പട്ടയ സ്ഥലത്തിന്റെ അതിരുകളും വ്യത്യസ്തമാണ്. രണ്ടു ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയും കിഴക്ക് സര്‍ക്കാര്‍ സ്ഥലവും പടിഞ്ഞാറ് കെ.എസ്.ഇ.ബി സ്ഥലവുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നാല്‍പതു വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന പട്ടയ സ്ഥലത്ത് ഒരു ഷെഡാണുള്ളതെന്നും അതിന് പഞ്ചായത്ത് നമ്പരുണ്ടെന്നുമാണുള്ളത്.
എസ്. രാജേന്ദ്രന്‍ നല്‍കിയ വിശദീകരണം അനുസരിച്ച് സര്‍വേ നമ്പര്‍ തെറ്റിയതാണെങ്കില്‍ വീട് ഷെഡായതെങ്ങനെയെന്നും അതിരുകളില്‍ മാറ്റമുണ്ടായതെങ്ങനെയുന്നുമുള്ള സംശയം നിലനില്‍ക്കുന്നു. പട്ടയത്തിലൂടെ സമ്പാദിച്ച വസ്തു മറിച്ചു വിറ്റ രാജേന്ദ്രന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്നുമാണ് ആരോപണമുള്ളത്.

