Asianet News MalayalamAsianet News Malayalam

വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം ദുരഭിമാനം വെടിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സഹായം തള്ളുന്നത് വിദേശ ബന്ധങ്ങളെ ബാധിക്കും.

cpm polit bureau about kerala flood
Author
New Delhi, First Published Aug 22, 2018, 4:20 PM IST

ദില്ലി: വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. 
സഹായം തള്ളുന്നത് വിദേശ ബന്ധങ്ങളെ ബാധിക്കും. യുപിഎ സർക്കാർ തെറ്റ് ചെയ്തെങ്കിൽ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് പോളിറ്റ് ബ്യൂറോ മുതിര്‍ന്ന അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. 

അതേസമയം വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ. ഇതോടെ യുഎഇയില്‍ നിന്നുള്ള 700 കോടിയുടെ സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞു. വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യ സ്വീകരിച്ചത്. ഈ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് ഇന്ത്യയെ സഹായിക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി തന്നെ ദില്ലിയില്‍ ഉന്നതതലയോഗം ചേര്‍ന്നെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

യുഎഇ ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചതും അവരുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും ഇക്കാര്യം പുനപരിശോധിക്കാന്‍ കാരണമായി. യുഎഇയെ കൂടാതെ ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ദുരന്തഘട്ടങ്ങളില്‍ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന പതിനഞ്ച് വര്‍ഷത്തെ നയം മാറ്റേണ്ടതില്ലെന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം. 

നേരത്തെ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും പ്രളയമുണ്ടായപ്പോഴും വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേ നിലപാട് ഇപ്പോഴും തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് കേരളത്തെ സഹായിക്കുന്നതില്‍ ഒരു തടസ്സവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുഎഇ ഭരണാധികാരികള്‍ക്കോ ദുബായ്,അബുദാബി കിരീടാവകാശികള്‍ക്കോ മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിപരമായി സഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. 


 

Follow Us:
Download App:
  • android
  • ios