ദില്ലി: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി പാര്‍ട്ടി വിരുദ്ധ നിലപാടെടുത്ത കേന്ദ്ര കമ്മിറ്റി അംഗം ജഗ്‍മതി സംഗ്‍വാനെ പുറത്താക്കിയതായി സിപിഎം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഔദ്ദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ജഗ്‍മതി സംഗ്‍വാനെ പുറത്താക്കിയതായി അറിയിച്ചത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്
നേരത്തെ കേന്ദ്ര കമ്മിറ്റിയോഗത്തില്‍ നിന്ന് പുറത്തുവന്ന ജഗ്‍മതി സംഗ്‍വാന്‍ താന്‍ പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിനയരേഖക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് പുറത്തുവന്ന് നിറകണ്ണുകളോടെയാണ് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി മാധ്യമങ്ങളോട് സംസാരിക്കുന്നത് മുതിര്‍ന്ന നേതാക്കളുടെയടക്കം ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്മതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിക്കുന്ന വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്.
