തൃശൂര്‍: ഇരുപത്തി രണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ റീജണല്‍ തിയേറ്ററിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറിലെ സമ്മേളന വേദിക്ക് പുറത്ത് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. ഇടതുപക്ഷ സര്‍ക്കാറിനെ തകര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 567 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ തന്നെ പരാമര്‍ശമുണ്ടാകുമെന്ന് നേരത്തെ സീതാറാം യെച്ചൂരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും. വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാക ഉയര്‍ത്തി.

രക്ഷ്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമാണ് പ്രതിനിധികള്‍ സമ്മേളന ഹാളിലേക്ക് പ്രവേശിച്ചത്. ഇ പി ജയരാജന്റെ താല്‍ക്കാലിക അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷന്‍ തുടരുന്നത്. രക്തസാക്ഷി പ്രമേയം  ഇ പി ജയരാജനും അനുശോചന പ്രമേയം എളമരം കരീമും അവതരിപ്പിച്ചു. 

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.  തുടര്‍ന്ന് ഗ്രൂപ്പു ചര്‍ച്ചക്ക് ശേഷം പൊതുചര്‍ച്ച. 25 വരെ പ്രതിനിധി സമ്മേളനം തുടരും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. 

475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരുമടക്കം 582 പേരാണ് പങ്കെടുക്കുന്നത്. ബുധനാഴ്ച വൈകിട്ട് തേക്കിന്‍കാട്ടിലെ പൊതുസമ്മേളന വേദിയില്‍ ചെങ്കൊടി ഉയര്‍ന്നതോടെ സമ്മേളനത്തിന്  തുടക്കമായിരുന്നു. പൊതുസമ്മേളന നഗരിയായ കെ കെ മാമക്കുട്ടി നഗറില്‍ (തേക്കിന്‍കാട് മൈതാനം) സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണാണ് പതാക ഉയര്‍ത്തിയത്. 

577 ധീര രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകളോടെയാണ് വയലാറിലെ കൊടിമരത്തില്‍ കയ്യൂരില്‍ നിന്ന് കൊണ്ടുവന്ന പതാക ഉയര്‍ത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ ജ്വലിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും സന്നിഹിതരായി.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്റെയും ആനത്തലവട്ടം ആനന്ദന്റെയും നേതൃത്വത്തില്‍ കയ്യൂരില്‍ നിന്നും വയലാറില്‍ നിന്നുമായി  കൊണ്ടുവന്ന പതാക കൊടിമരങ്ങള്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ ഏറ്റുവാങ്ങി.

 577 ബലികുടീരങ്ങളില്‍നിന്നുള്ള ദീപശിഖകള്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷും വി ശിവന്‍കുട്ടിയും സമ്മേളന നഗരിയില്‍ എത്തിച്ചു. ദീപശിഖകള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊടിമരം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനും പതാക തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും സ്വീകരിച്ചു.