തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് പ്രധാന അ‍ജൻഡ. ബിനോയ് കോടിയേരി വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ പാർട്ടി അതീവ പ്രാധാന്യത്തോടെ ഈ വിഷയം ചർച്ച ചെയ്യും. 

ബിനോയ്ക്കെതിരെ കേസോ, യാത്രാ വിലക്കോ ഇല്ലാത്ത സാഹചര്യത്തിൽ വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട എന്നായിരുന്നു മുൻ നിലപാട്. പക്ഷേ ദുബായിൽ കേസുണ്ടെന്നും യാത്രാവിലക്കുണ്ടെന്നും പിന്നീട് തെളിഞ്ഞു. കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷിനെതിരെയും ദുബായിൽ കേസുണ്ടെന്ന തെളിവുകളും പുറത്ത് വന്നു. നിയമസഭയിലടക്കം പാർട്ടി പ്രതിരോധത്തിലാണ്. ഈ സാഹചര്യങ്ങൾ സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തും. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന്‍റെ കരടിനെക്കുറിച്ചും ചർച്ചയുണ്ടാകും.