കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസ് സമരത്തിൽ വയൽക്കിളികൾക്കൊപ്പം നിന്ന ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കി. കീഴാറ്റൂർ വടക്ക്, സെൻട്രൽ ബ്രാഞ്ചുകളിൽ നിന്നായി 11 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സമരത്തിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചിരിക്കെ, സിപിഎം പാർട്ടിഗ്രാമത്തിൽ ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായകമാണ്.

കീഴാറ്റൂരിൽ കഴിഞ്ഞ ദിവസം വയൽക്കിളികളുടെ സമരവാർഷികാചരണത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് സിപിഐ സംസ്ഥാന നിർവ്വാഹക സമിതിയംഗത്തെ എത്തിച്ച് കീഴാറ്റൂരിൽ സമരവാർഷികാചരണം നടന്നു. ഇതിന് പിന്നാലെയാണ് സിപിഎം നടപടിയെന്നതാണ് ശ്രദ്ധേയം. ആകെ 15 അംഗങ്ങളുള്ള സെൻട്രൽ ബ്രാഞ്ചിൽ നിന്ന് 9 പേരെയും, വടക്ക് ബ്രാ‍ഞ്ചിലെ 2 പേരെയും പുറത്താക്കിയാണ് പാർട്ടിഗ്രാമത്തിൽ സിപിഎം നടപടി. പാർട്ടിയ്ക്ക് തലവേദനയുണ്ടാക്കിയ വയൽക്കിളികളുടെ സമരത്തെ നേരിടാൻ എല്ലാവഴികളും പയറ്റിയതാണ് സിപിഎം. നേരത്തെ സമരത്തിൽ നിന്ന് പിന്മാറാൻ പാർട്ടിയംഗങ്ങളോട് സിപിഎം ആവശ്യപ്പെട്ടിരുന്നു.

പ്രദേശത്ത് കുടുംബയോഗം വിളിച്ച് ചേർത്ത് സമരത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതെല്ലാം അവഗണിച്ചാണ് പാർട്ടി പ്രവർത്തകർ വയൽക്കിളികളുടെ സമരത്തിലുറച്ച് നിന്നത്. പാർട്ടി ഔദ്യോഗികമായി വിശദീകരണം തേടിയപ്പോഴും മറുപടി നൽകിയതാകട്ടെ 2 പേർ മാത്രം. ഒടുവിൽ ഈ വിശദീകരണവും തള്ളിയാണ് പുറത്താക്കൽ. പാർട്ടി ശക്തികേന്ദ്രമായ കീഴാറ്റൂരിൽ പ്രധാനപ്പെട്ട 2 ബ്രാഞ്ചുകൾ ഉലയുന്നത് വലിയ ചലനങ്ങൾക്കിടയാക്കും. നടപടിയോട് പാർട്ടിയംഗങ്ങളുടെയും വയൽക്കിളികളുടെയും പ്രതികരണം എന്താകുമെന്നത് നിർണായകമാണ്. സിപിഐയുടെ അടുത്ത നീക്കവും പ്രധാനമാണ്.