ദില്ലി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരി മത്സരിക്കണം എന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച നടക്കും.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിക്ക് വിഎസ് ആശംസ നേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ജനറല്‍ സെക്രട്ടറി ആരെന്ന തര്‍ക്കം നടക്കുന്നതിനിടെയായിരുന്നു ഈ ആശംസ. സമാനമായ ഒരു നീക്കമാണ് വിഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സീതാറാം യെച്ചൂരി രാജ്യസഭയില്‍ വീണ്ടും വരേണ്ടത് വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് അനിവാര്യമാണെന്ന അഭിപ്രായം വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് എഴുതി നല്കി. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം സീതാറാം യെച്ചൂരി മത്സരിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച കേന്ദ്ര കമ്മിറ്റിയില്‍ നടക്കും.

ഇതിനിടെ രാജ്യസഭയിലേക്ക് രണ്ടു വട്ടം എന്ന പാര്‍ട്ടി തത്വം ലംഘിക്കാനില്ലെന്ന നിലപാട് സീതാറാം യെച്ചൂരി ആവര്‍ത്തിച്ചു. ഇത് പിബി യോഗത്തെ യെച്ചൂരി അറിയിച്ചു. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയിലും മത്സരിക്കാനില്ലെന്ന തന്റെ നിലപാട് അറിയിക്കും എന്നാണ് യെച്ചൂരി നല്കിയ സൂചന. പിബിയില്‍ യെച്ചൂരി നിലപാട് അറിയിച്ച ശേഷമാണ് കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ബംഗാള്‍ ഘടകം ആവശ്യം ഉന്നയിച്ചത്. അതിനാല്‍ വോട്ടെടുപ്പും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടേക്കും.