തൃശൂര്‍: ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനെതിരെ സി പി എം അച്ചടക്ക നടപടി എടുക്കും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റാണ് കെ യു അരുണനെതിരെ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചത്. കെ യു അരുണനെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ സി പി എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കി. ആര്‍ എസ് എസ് പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ അരുണന്‍ പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആര്‍ എസ് എസ് പരിപാടി ആണെന്ന് അറിയാതെയാണ് താന്‍ പങ്കെടുത്തതെന്നായിരുന്നു അരുണന്റെ വാദം. വിഷയം ചര്‍ച്ച ചെയ്‌ത സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അരുണന്റെ വാദം തള്ളിക്കളഞ്ഞു. യോഗത്തില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും അരുണന്റെ നിലപാട് തള്ളിക്കളയുകയായിരുന്നു.