വരാപ്പുഴ കസ്റ്റഡി മരണം, വിശദീകരണ നോട്ടീസുമായി സിപിഎം വീടുകള്‍ കേന്ദ്രീകരിച്ച് പ്രചരണരണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് വിശദീകരണ നോട്ടീസുമായി സിപിഎം ലോക്കല്‍ കമ്മിറ്റി. സംഭവത്തെ കുറിച്ചുള്ള ദീര്‍ഘമായ വിശദീകരണ കുറിപ്പാണ് സിപിഎം പുറത്തിറക്കിയിരിക്കുന്നത്. 

ശ്രീജിത്തിന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളെ ന്യായീകരിക്കുന്നതാണ് 'വരാപ്പുഴ ദേവസ്വം പാടത്ത് നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച്' എന്ന തലക്കെട്ടോടെയുള്ള നോട്ടീസ്. ബിജെപിയും കോണ്‍ഗ്രസും കള്ള പ്രചരണമാണ് നടക്കുന്നതെന്നും കുറിപ്പില്‍ സിപിഎം വിമര്‍ശിക്കുന്നു. 

അതേസമയം, വിമർശനങ്ങൾക്കൊടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് ശ്രീജിത്തിന്റെ വീട് സന്ദർശിച്ചു. ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ സിപിഎം വേട്ടക്കാർക്കൊപ്പമല്ല, ഇരകളുടെ കൂടെയാണെന്നും മുഖ്യമന്ത്രി എത്താത്തത് ബോധപൂർവ്വമല്ലെന്നും കോടിയേരി പറഞ്ഞു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് ജോലിയും സഹായധനവും നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. വരാപ്പുഴയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം.