മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ആർഎസ്എസ് പ്രവർത്തകൻ അശ്വതിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രതികളുടെ രാഷ്ട്രീയബന്ധവും പരിശോധിക്കുമെന്നും കാസർകോട് എസ്പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. 

കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ആർഎസ്എസ് പ്രവർത്തകൻ അശ്വതിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രതികളുടെ രാഷ്ട്രീയബന്ധവും പരിശോധിക്കുമെന്നും കാസർകോട് എസ്പി ഡോ. എ ശ്രീനിവാസ് പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് ബൈക്കിലെത്തിയ സംഘം സോങ്കൾ പ്രതാപ് നഗറിലെ അബ്ദുൾ സിദ്ദിഖിനെ കുത്തിക്കൊന്നത്. ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠൻ പ്രതികരിച്ചു. മൃഗീയമായാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്നും മണികണ്ഠൻ പറഞ്ഞു.

മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വത്, സദ്ദീഖ് ഇരിക്കുന്ന സ്ഥലത്തേക്ക് ബൈക്കിലെത്തിയത്. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അശ്വത് കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. അടിവയറ്റിലേറ്റ ഒരു കുത്താണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതി അശ്വത് നേരത്തെയും ക്രിമനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. അതേസമയം മഞ്ചേശ്വരത്ത് ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലുക്കിൽ ഉച്ചയക്ക് 12 മണി മുതലാണ് ഹർത്താൽ.