തിരുവനന്തപുരം: കൊല്ലത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന രാമഭദ്രനെ വധിച്ച കേസില്‍ അറസ്റ്റിലായ മൂന്നു സിപിഎം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ ആറുവരെയാണ് കൊല്ലം സി ജെ എം കോടതി ഇവരെ റിമാന്‍ഡ് ചെയ്‌തത്. മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാക്‌സണ്‍, ബാബു പണിക്കര്‍, റിയാസ് എന്നിവരെയാണ് ഇവരുടെ ജാമ്യാപേക്ഷയെ സി ബി ഐ എതിര്‍ത്തു. അതേസമയം ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. 2010 ഏപ്രില്‍ അഞ്ചിനാണ് രാമഭദ്രനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നതെന്നാണ് സിബിഐ പറയുന്നത്. കൊലപാതകശേഷം പ്രതികളെ സംരക്ഷിച്ചുവെന്ന് ആരോപണം നേരിടുന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹനെ, സിബിഐ ഇന്നു വീണ്ടും ചോദ്യം ചെയ്‌തു. ഇത് മൂന്നാം തവണയാണ് ജയമോഹനെ സിബിഐ ചോദ്യം ചെയ്‌തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് സിബിഐ പറയുന്ന സിപിഐഎം അഞ്ചല്‍ ഏരിയാസെക്രട്ടറി സുമന്‍ ഒളിവിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടിയാല്‍ മാത്രമെ തങ്ങള്‍ക്ക് തൃപ്‌തിയാവുകയുള്ളുവെന്ന് രാമഭദ്രന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.