കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. മുഖ്യപ്രതി സുനിൽകുമാറിനെ ഫോൺ ചെയ്യാൻ സഹായിച്ചതിനാണ് കളമശ്ശേരി എആർ ക്യാമ്പിലെ സിപിഒ അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുനിൽ കുമാർ ആലുവ പൊലീസ് ക്ലബ്ബിൽ കസ്റ്റഡിയിലിരിക്കുമ്പോഴാണ് പൊലീസുകാരന്‍റെ സഹായത്തോടെ ദിലീപിനെ വിളിക്കാൻ ശ്രമിച്ചത്. പൊലീസ് ക്ലബ്ബിൽ സുനിൽ കുമാറിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു കളമശ്ശേരി എആർ ക്യാമ്പിലെ സിപിഒ അനീഷ്.

അനീഷുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ദിലീപിനെ അനീഷിന്‍റെ ഫോണിൽ നിന്ന് സുനിൽ കുമാർ വിളിക്കുന്നത്. ഫോണിൽ ദിലീപിനെ കിട്ടാതായതോടെ നാദിർഷയെ വിളിക്കാൻ ശ്രമിച്ചു. ഇതും പരാജയപ്പെട്ടതോടെ ദിലീപിന്‍റെ ഫോണിലേക്ക് ദിലീപേട്ടാ ഞാൻ കുടുങ്ങി എന്ന റെക്കോഡ് ചെയ്ത ശബ്ദസന്ദേശം അയച്ചു. അനീഷിന്‍റെ ഫോണിൽ നിന്ന് സുനിൽ കുമാർ കാവ്യമാധവന്‍റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്ക് മൂന്ന് പ്രാവശ്യം വിളിച്ചെന്നും പൊലീസ് പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സുനിലിന്‍റെ മൊഴിയിലും പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശബ്ദസന്ദേശത്തിന്‍റെ രേഖയും കോടതിയ്ക്ക് കൈമാറിയികുന്നു.

രാത്രി ഒൻപത് മണിയോടെയാണ് അനീഷീനെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേസിൽ പതിനാലാം പ്രതിയാണ് അനീഷ്.