Asianet News MalayalamAsianet News Malayalam

തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ വിള്ളൽ

Crack detected on railway track near Thiruvalla
Author
Thiruvalla, First Published Nov 6, 2016, 6:00 AM IST

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ വിള്ളൽ. നാട്ടുകാർ വിവരം റെയിൽവേ അധികാരികളെ അറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിള്ളൽ താത്കാലികമായി പരിഹരിച്ചതോടെ ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ ആറേ മുക്കാലോടെ ജയന്തി ജനത എക്സ്പ്രസ് കടന്നു പോകുമ്പോൾ വലിയ ശബ്ദം കേട്ട നാട്ടുകാരാണ് പാളത്തിൽ വിള്ളലുണ്ടെന്ന വിവരം റെയിൽവേ അധികാരികളെ അറിയിക്കുന്നത്.

റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വിള്ളൽ സ്ഥിരീകരിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് വിള്ളലുണ്ടായത്. തുടർന്ന് എട്ട് മണിയോടെ ഇതുവഴി കടന്ന് പോകേണ്ട വേണാട് എക്സ്പ്രസ് തിരുവല്ലയിൽ തടഞ്ഞിട്ടു. റെയിൽവേ എഞ്ചിനിയറിംഗ് വിഭാഗം അരമണിക്കൂർ കൊണ്ട് പൊട്ടലുണ്ടായ പാളം കൂട്ടിയോജിപ്പിച്ച് താത്കാലികമായി പ്രശ്നം പരിഹരിച്ചു.

തുടർന്ന് മുക്കാൽ മണിക്കൂറിലേറെ വൈകി വേണാട് എക്സ്പ്രസ് കടന്നു പോയി. പാളത്തിലൂടെ വളരെ വേഗത കുറച്ച് മാത്രമേ ഗതാഗതം. രണ്ട് ദിവസത്തിനുള്ളിൽ പാളം മാറ്റി സ്ഥാപിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ പാളങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനിടെ വീണ്ടും വിള്ളൽ കണ്ടെത്തിയത് സ്ഥിതി ഏറെ ഗുരുതരമാണെന്ന മുന്നറിയിപ്പായി കാണണമെന്ന് റെയിൽ യാത്രികരും നാട്ടുകാരും ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios